Kerala
തിരുവനന്തപുരം: സ്ത്രീ സൗജന്യ യാത്രയ്ക്കായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് മുന്‍കൂറായി പണം നല്‍കില്ല. തത്സമയ തിരിച്ചടവ് ഉദ്ദേശിക്കുന്നതിനാല്‍ മാസാവസാനം മാത്രമേ തുക അനുവദിക്കൂ.
എന്നാൽ മുന്‍കൂറായി പണം ലഭിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഡീസല്‍ വാങ്ങുന്നതും പ്രതിസന്ധിയിലാവുമെന്നാണ് ആശങ്ക. സ്ത്രീ സൗജന്യ യാത്രയായ പ്രിയദര്‍ശിനി പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസിലാണ്.
ഇതിനായി 65 മുതല്‍ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. ഏഴ് കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം. ഇതില്‍ മൂന്നര കോടിയും ഇന്ധനം വാങ്ങാനാണ് ചെലവാകുന്നത്.
45 ദിവസത്തെ ക്രെഡിറ്റ് രീതിയിലാണ് ഇന്ധന കമ്പനികള്‍ കോര്പറേഷന് ഡീസല്‍ നല്‍കുക. അതായത് 45 ദിവസം മുന്‍പ് വാങ്ങുന്ന ഡീസലിന്റെ തുക ഇന്ന് നല്കിയാല് മതി. ഇങ്ങനെ വാങ്ങുന്പോള്‍ 2.70രൂപ സബ്സിഡിയായും 40 പൈസ കൃത്യമായി പണം അടക്കുന്നതുകൊണ്ടുള്ള ഇളവും ചേര്‍ത്ത് ലിറ്ററിന് 3.10 രൂപ കുറച്ചാണ് കമ്പനികള്‍ ഈടാക്കുന്നത്.
സ്ത്രീ സൗജന്യ യാത്രയിലൂടെ വരുമാനം കുറയുമ്പോള്‍ സര്‍ക്കാര്‍ തുക മുന്‍കൂറായി കിട്ടിയില്ലെങ്കില്‍ കാര്യങ്ങളെല്ലാം അവതാളത്തിലാവും. ഇന്ധന കമ്പനികള്‍ ഇളവ് നിര്‍ത്തലാക്കുമെന്ന് മാത്രമല്ല എട്ട് ശതമാനം പലിശ കൂടി ചേര്‍ത്ത് വേണം പിന്നെ ഡീസലിന്റെ പണം അടയ്ക്കേണ്ടി വരിക.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭായോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദർശിനി എന്ന പേരിലാകും സൗജന്യ യാത്ര നടപ്പിലാക്കുക. ആദ്യഘട്ടം എന്ന നിലയിലാണ് ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കുക. ഇതുവഴി കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാസം 125 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകുന്നത്. ഇനി 25 കോടി രൂപ കൂടി അധികമായി നൽകും. സാന്പത്തികനില മെച്ചപ്പെട്ട ശേഷം രണ്ടാം ഘട്ടം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
ബംഗളൂരൂ: അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യയാത്ര അനുവദിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.സ്കൂൾ, കോളജ് വിദ്യാർഥികൾക്കാണ് സൗജന്യയാത്ര.
സൗജന്യ ബസ് പാസ് വിദ്യാർഥിനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നതായും അതിനാലാണ് മുഴുവൻ വിദ്യാർഥികൾക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു.
ഇത് യുവത്വത്തിന്റെ കാലഘട്ടമാണ്. തങ്ങൾ എല്ലാ വിദ്യാർഥികൾക്കും യാതൊരു നിരക്കും ഈടാക്കാതെ സൗജന്യ ബസ് പാസ് നൽകുകയാണ്. എല്ലാ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ബസ് പാസ് സൗജന്യമായിരിക്കുമെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.
ഡി.കെ.ശിവകുമാർ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വിദ്യാർഥികൾ അപേക്ഷിക്കേണ്ടതുണ്ട്. ഗതാഗത വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡി.കെ. ശിവകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കം കുറിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്തുടനീളം സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇന്നു മുതൽ പണം നൽകേണ്ടതില്ല.
ഹ്രസ്വ, ദീർഘദൂര സർക്കാർ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഉണ്ടായിരിക്കും.
ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയുമുള്ള ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ക്യൂആര്‍ കോഡ് സഹിതമുള്ളതാണ് ഈ കാര്‍ഡ്. സ്മാര്‍ട്ട് കാര്‍ഡിനായി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വിശദീകരണവുമായി മന്ത്രി സി.പി.ജോൺ. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. പദ്ധതി സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ സ്ത്രീകൾക്കും ജൂൺ 15 മുതൽ സൗജന്യയാത്ര നൽകും.
സ്ത്രീകൾക്ക് വേണ്ടിയാണ് ഈ സർക്കാർ നിലനിൽക്കുന്നത്. പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കെഎസ്ആര്‍ടിസി മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ പ്രഖ്യാപിച്ച സൗജന്യയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് ചേരും.ജൂൺ 15 മുതൽ പദ്ധതി ആരംഭിക്കുമെന്ന് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാരിന്റെ ആലോചനയെന്നാണ് വിലയിരുത്തൽ. എന്നാൽ ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ സൗജന്യയാത്ര അനുവദിക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയുണ്ടാകുമെന്നാണ് വിവരം. അതേസമയം തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലായാൽ സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസുടമകളുടെ ആശങ്ക.
ജൂൺ 15 മുതൽ ആണ് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും മുഖ്യമന്ത്രി തങ്ങളെയും കേൾക്കണമെന്നും സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.
നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികൾ കെഎസ്ആർടിസി ആരംഭിച്ചു. എത്ര സ്ത്രീകൾ നിലവിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കണ്ടെത്താനാണ് ഈ സർവേ.
ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിൽ വരുത്തിയ മാറ്റത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് രേഖപ്പെടുത്താൻ മെഷീനിൽ പ്രത്യേക ഓപ്ഷൻ നൽകിയിട്ടുണ്ട്.
ടിക്കറ്റ് അടിക്കുമ്പോൾ കണ്ടക്ടർ യാത്രക്കാരന്റെ ലിംഗഭേദം കൂടി മെഷീനിൽ രേഖപ്പെടുത്തണം. ഇതിലൂടെ ഓരോ റൂട്ടിലും എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെന്ന കൃത്യമായ കണക്ക് കെഎസ്ആർടിസിക്ക് ലഭിക്കും. സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയാണെന്ന് കണക്കാക്കുകയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. നിലവിൽ കർണാടകയിലും തമിഴ്നാട്ടിലും സമാനമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റാലുടൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ഈ നീക്കങ്ങൾ. നിലവിൽ വനിതാ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൗജന്യ യാത്ര സംബന്ധിച്ച അന്തിമ വിജ്ഞാപനം സർക്കാർ രൂപീകരണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യമായി വരുമെന്നതിനാൽ, കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുന്നത് ഗുണകരമാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
Kerala
പരവൂര്‍: രാജ്യത്തിനായി ധീരതയ്ക്കുള്ള മെഡലുകള്‍ നേടിയ സൈനികര്‍ക്ക് ആജീവനാന്ത സൗജന്യ റെയില്‍വേ യാത്ര അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.
സേന മെഡല്‍ ജേതാക്കള്‍ക്കും അവരുടെ പങ്കാളികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. മെഡല്‍ ജേതാക്കള്‍ക്കൊപ്പം ഒരാള്‍ക്ക് കൂടി സൗജന്യമായി യാത്ര ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
മരണാനന്തര ബഹുമതി ലഭിച്ചവരുടെ കാര്യത്തില്‍, അവരുടെ മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. സ്വീകര്‍ത്താവ് മരണസമയത്ത് അവിവാഹിതനായിരുന്നെങ്കില് മാത്രമേ മാതാപിതാക്കള്‍ക്ക് ഈ സേവനം ലഭ്യമാകൂ. പങ്കാളികള്‍ക്ക് പുനര്‍വിവാഹം ചെയ്യുന്നത് വരെയാണ് ആനുകൂല്യം തുടരുക. ഇന്ത്യന്‍ റെയില്‍വേയുടെ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് എസി, എസി ചെയര്‍ കാര്‍ എന്നിവയില്‍ ഈ ഇളവ് ലഭ്യമാകും.
ഇത് കൂടാതെ വിരമിച്ച സൈനികര്‍ക്കും അഗ്നിവീര്‍മാര്‍ക്കും റെയില്‍വേയില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും സൈന്യവും സംയുക്തമായി ‘സഹകരണ ചട്ടക്കൂട്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സിവിലിയന്‍ ജോലികളിലേക്കുള്ള മാറ്റം സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇതനുസരിച്ച് റെയില്‍വേയിലെ ലെവല്‍- ഒന്ന് തസ്തികകളില്‍ 20 ശതമാനവും ലെവല്‍- രണ്ട് തസ്തികകളില്‍ 10 ശതമാനവും മുന്‍ സൈനികര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിരമിച്ച അഗ്നിവീര്‍മാര്‍ക്കായി ലെവല്‍- ഒന്നില്‍ 10 ശതമാനവും ലെവല്‍- രണ്ടില്‍ അഞ്ച് ശതമാനവുമാണ് സംവരണം.
2024, 2025 വര്‍ഷങ്ങളിലായി ആകെ 14,788 തസ്തികകളാണ് ഇത്തരത്തില്‍ മാറ്റിവച്ചിരിക്കുന്നത്. ഇതിനു പുറമെ, കരാര്‍ അടിസ്ഥാനത്തില്‍ പോയിന്റ്സ്മാന്മാരായി മുന്‍ സൈനികരെ നിയമിക്കുന്നതിനുള്ള നടപടികളും ഒമ്പത് റെയില്‍വേ ഡിവിഷനുകളില്‍ ആരംഭിച്ചു കഴിഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ പറ്റുന്നതും അന്തസുള്ളതുമായ ആനുകൂല്യങ്ങള്‍ വേണം പ്രഖ്യാപിക്കാനെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇവിടെ കെഎസ്ആര്‍ടിസി രക്ഷപ്പെട്ടു വരികയാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്. അവര്‍ കഷ്ടപ്പെട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കരുതെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടകത്തില്‍ നശിപ്പിച്ചു. ഇവിടെ രക്ഷപ്പെട്ടു വരികയാണ്. നാലഞ്ചു മാസമായിട്ട് പച്ചപ്പിടിച്ച് വരികയാണ്. എല്ലാവര്ക്കും സന്തോഷം നല്കുന്ന വാര്‍ത്തയാണ് കെഎസ്ആര്‍ടിസിയുടെ ഉയര്‍ച്ച. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ്. അവരുടെ നല്ല പെരുമാറ്റമാണ്. കഷ്ടപ്പെടുത്തി അത് രക്ഷപ്പെടുത്തി വരികയാണ്.
ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ കഴിയുന്നതും അന്തസുള്ളതുമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.